POONJAR GRAMA PANCHAYAT


ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം
പൂഞ്ഞാറിന്റെ ചരിത്രം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര ഉള്‍പ്പെടെ പൂഞ്ഞാര്‍ എന്ന പദത്തിന്റെ വ്യാപ്തിക്കുള്ളില്‍ വരുന്ന ഒരു വലിയ പ്രദേശത്തിന്റെ ചരിത്രമാണ്. പൂഞ്ഞാറിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും പുണ്യാര്‍ പരിണമിച്ച് പൂഞ്ഞാര്‍ ആയി എന്നതിനാണ് പ്രചാരം ലഭിച്ചിട്ടുള്ളത്. ഈ പ്രദേശത്തുകൂടി ഒഴുകുന്ന നദിയുമായി ഈ പേര് ബന്ധപ്പെട്ടുകിടക്കുന്നു. പെരിങ്ങളത്ത് കുടമുരുട്ടി എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത്  പണ്ട് അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ചിരുന്നു. തപസ്സ് അവസാനിപ്പിച്ച് മുനി കൈവശമുള്ള കുടമുരുട്ടിയതുകൊണ്ട് കുടമുരുട്ടിമലയും പുണ്യാറും അറിയപ്പെടുന്ന നാമങ്ങളായി. പുണ്യാര്‍ പൂഞ്ഞാര്‍ ആയി രൂപാന്തരം പ്രാപിച്ചു. ഔഷധഗുണമുള്ള ജലസ്രോതസ്സുകളുടെ പ്രവാഹവും പുണ്യാറ് എന്ന പേരിന് കാരണമായിട്ടുണ്ട്. എ.ഡി. 1160 ല്‍ മധുര അധിപനായിരുന്ന പാണ്ഡ്യവംശരാജാവ് മാനവിക്രമന്‍ പടയില്‍ തോറ്റ് ഗുഡല്ലൂര്‍ എത്തി, അവിടം ആസ്ഥാനമാക്കി രാജ്യഭരണം നടത്തി. തിരുവിതാംകൂര്‍ പ്രദേശം അന്ന് കലഹവും അരാജകത്വവും മൂലം ശിഥിലമായിരുന്നു. മാനവിക്രമന്‍ തെക്കുംകൂര്‍ രാജാവില്‍ നിന്നും പൂഞ്ഞാര്‍ പ്രദേശവും ഹൈറേഞ്ചും സമ്പാദിച്ച് പൂഞ്ഞാര്‍ രാജവംശം സ്ഥാപിച്ചു. 1816 ല്‍ പൂഞ്ഞാര്‍ രാജാവ് മണ്‍ട്രോ സായ്പ്പിന്റെ തീരുമാനപ്രകാരം രാജസ്ഥാനം നഷ്ടപ്പെട്ട് ഇടപ്രഭുവായി തീര്‍ന്നു. ഇന്നു പൂഞ്ഞാറില്‍ സ്ഥിതി ചെയ്യുന്ന മധുരമീനാക്ഷി ക്ഷേത്രത്തിലെ മീനാക്ഷി ബിംബവും സുന്ദരേശവിഗ്രഹവും മാനവിക്രമന്‍ മധുരയില്‍ നിന്ന് കൊണ്ടുവന്നതാണ്. 1300 എ.ഡി. യില്‍ പൂഞ്ഞാര്‍ സെന്റ് ജോസഫ്സ് ചര്‍ച്ച് സ്ഥാപിക്കപ്പെട്ടു. മണിയംകുന്ന്, മണിയംകുളം, ചേന്നാട് എന്നീ ഭാഗങ്ങളില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് 50 വര്‍ഷം മുമ്പാണ് മുസ്ളിംജനത ഇങ്ങോട്ടു കടന്നുവരുന്നത്. ഇപ്പോള്‍ മറ്റയ്ക്കാട്ട് നെല്ലിക്കച്ചാല്‍ ഭാഗങ്ങളില്‍ രണ്ട് മുസ്ളിം ദേവാലയങ്ങളുണ്ട്. മതസൌഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും ഉത്തമനിദര്‍ശനമായി പൂഞ്ഞാര്‍ നിലകൊള്ളുന്നു.  രാജഭരണ കാലത്ത് പണമായും പാട്ടമായും കരം പിരിച്ചിരുന്നു. അഞ്ചലാഫീസ്, മജിസ്ട്രേറ്റ് കോര്‍ട്ട്, പകുതിക്കച്ചേരി, വിവിധയിനം കച്ചേരികള്‍ (ഓഫീസുകള്‍) എന്നിവ അക്കാലത്തുണ്ടായിരുന്നു. ഗതാഗതം അധികവും ജലമാര്‍ഗ്ഗമായിരുന്നു. പൂഞ്ഞാര്‍ ആറ്റില്‍കൂടി വള്ളത്തില്‍ സഞ്ചരിക്കുക അന്ന് സുഗമമായിരുന്നു. രാജകുടുംബാംഗങ്ങളുടെ കരമാര്‍ഗ്ഗമുള്ള സഞ്ചാരത്തിന് പല്ലക്കും ഉപയോഗിച്ചിരുന്നു. കോട്ടയം-പൂഞ്ഞാര്‍ റോഡ് അതാണ് ഈ നാട്ടിലെ ആദ്യത്തെ റോഡ്. 1930 ല്‍ ആയിരുന്നു ആദ്യത്തെ ബസ് സര്‍വ്വീസ് ആരംഭിച്ചത്. 8 സീറ്റോടുകൂടിയ ആദ്യബസിന്റെ ആദ്യ ഡ്രൈവര്‍ അമ്പലപ്പുഴക്കാരന്‍ അച്യുതന്‍ പിള്ളയായിരുന്നു.   1108 ല്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ പള്ളി മൈതാനിയില്‍ ചേര്‍ന്ന യോഗം ജന്മിത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു നാഴികക്കല്ലാണ്. 1108 ല്‍ പട്ടം താണുപിള്ള ഭൂമിയില്‍ സ്ഥിരാവകാശം, നികുതി  കുറയ്ക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ഉജ്ജ്വലമായ പ്രസംഗം ചരിത്രത്തിന്റെ ഭാഗമായി. കേരളപിറവിക്കുശേഷം രൂപം കൊണ്ട  ഇ.എം.എസ് മന്ത്രിസഭയുടെ പുരോഗമനോന്മുഖമായ കാര്‍ഷികവിദ്യാഭ്യാസ ബില്ലുകള്‍ക്കെതിരെ 1957 ല്‍ നടന്ന വിമോചനസമരത്തില്‍ പൂഞ്ഞാറിലെ ജനങ്ങളില്‍ ഒരു വിഭാഗം പങ്കെടുത്തിട്ടുണ്ട്. അന്തര്‍ദേശീയ സ്പോര്‍ട്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേണല്‍ ജി.വി.രാജ, സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന അവിട്ടം തിരുനാള്‍ രാമവര്‍മ്മ വലിയരാജ, ഗായത്രീ മന്ത്രങ്ങളുടെ പഠന ഗ്രന്ഥം രചിച്ച ആലക്കോട് തമ്പുരാന്‍ എന്നറിയപ്പെടുന്ന പി.ആര്‍.‍രാമവര്‍മ്മ വലിയരാജ, എന്നിവര്‍ പൂഞ്ഞാറിന്റെ പ്രശസ്തരായ സന്താനങ്ങളില്‍ ചിലര്‍ ആണ്. തലമുറകള്‍ പകര്‍ന്നുതരുന്ന വായ്മൊഴികള്‍ അവലംബമാക്കിയാല്‍ പൂഞ്ഞാര്‍ രാജവംശസ്ഥാപനത്തിന് മുമ്പുതന്നെ പൂഞ്ഞാര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം നിലനിന്നിരുന്നതായി കാണാം. മധുരമീനാക്ഷി ക്ഷേത്രം സ്ഥാപിച്ചതും ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പൂര്‍വ്വാവസ്ഥയില്‍നിന്നും സമുദ്ധരിച്ച് ഇപ്പോഴുള്ള എടുപ്പുകളോടും ചമയങ്ങളോടും കൂടി വിപുലീകരിച്ചതും പൂഞ്ഞാര്‍ രാജാക്കന്മാരാണ്. ഉത്സവത്തില്‍  അയ്യപ്പന്റെ പള്ളിനായാട്ടിനെ അനുസ്മരിക്കുന്ന പള്ളിവേട്ട പനച്ചിപ്പാറയിലെ നായാട്ടുപാറയില്‍ കൊണ്ടാടുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, പാഠകം, വേലകളി, പഞ്ചവാദ്യം തുടങ്ങി എല്ലാ അനുഷ്ഠാന ആയോധന പാരമ്പര്യകലകള്‍ക്കും ഉത്സവനാളുകളില്‍ പ്രാമുഖ്യം നല്‍കുന്നു. ശീമാന്‍കുട്ടി ആശാന്റെ നേതൃത്വത്തില്‍ ഒരു കഥകളി യോഗം നിലനിന്നിരുന്നതും പരക്കാട്ടുകേളന്‍,  ഇലമ്പാതോട്ടത്തില്‍ നാരായണന്‍ തുടങ്ങിയ കലാകാരന്മാര്‍ കഥകളിയോഗത്തെ പരിപോഷിപ്പിച്ചതും ശ്രദ്ധേയമാണ്. ഓട്ടന്‍തുള്ളല്‍ രംഗത്തെ പ്രഗത്ഭരായ രണ്ട് കലാകാരന്മാരാണ് മണിയന്‍കുന്ന് കുട്ടന്‍ കണിയാരും വയലിക്കുന്നേല്‍ കേശവന്‍ പണിക്കനും. ഓണംതുള്ളല്‍, പരിചമുട്ടുകളി, കോലടികളി, തിരുവാതിരക്കളി എന്നീ കലാരൂപങ്ങളും നിലനിന്നിരുന്നു. ഭ്രമരസന്ദേശത്തിന്റെ കര്‍ത്താവ് അവിട്ടം തിരുനാള്‍ രാമവര്‍മ്മ വലിയരാജാ, മുക്തമാല രചിച്ച തുളസീവനം എന്ന തൂലികാനാമത്തിന്റെ ഉടമ ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പൂഞ്ഞാറിന്റെ സാഹിത്യസന്തതികളാണ്.

No comments

Powered by Blogger.