പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

പൂഞ്ഞാറിന്റെ ചരിത്രം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര ഉള്‍പ്പെടെ പൂഞ്ഞാര്‍ എന്ന പദത്തിന്റെ വ്യാപ്തിക്കുള്ളില്‍ വരുന്ന ഒരു വലിയ പ്രദേശത്തിന്റെ ചരിത്രമാണ്. പൂഞ്ഞാറിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും പുണ്യാര്‍ പരിണമിച്ച് പൂഞ്ഞാര്‍ ആയി എന്നതിനാണ് പ്രചാരം ലഭിച്ചിട്ടുള്ളത്. ഈ പ്രദേശത്തുകൂടി ഒഴുകുന്ന നദിയുമായി ഈ പേര് ബന്ധപ്പെട്ടുകിടക്കുന്നു. പെരിങ്ങളത്ത് കുടമുരുട്ടി എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത്  പണ്ട് അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ചിരുന്നു. തപസ്സ് അവസാനിപ്പിച്ച് മുനി കൈവശമുള്ള കുടമുരുട്ടിയതുകൊണ്ട് കുടമുരുട്ടിമലയും പുണ്യാറും അറിയപ്പെടുന്ന നാമങ്ങളായി. പുണ്യാര്‍ പൂഞ്ഞാര്‍ ആയി രൂപാന്തരം പ്രാപിച്ചു. ഔഷധഗുണമുള്ള ജലസ്രോതസ്സുകളുടെ പ്രവാഹവും പുണ്യാറ് എന്ന പേരിന് കാരണമായിട്ടുണ്ട്. എ.ഡി. 1160 ല്‍ മധുര അധിപനായിരുന്ന പാണ്ഡ്യവംശരാജാവ് മാനവിക്രമന്‍ പടയില്‍ തോറ്റ് ഗുഡല്ലൂര്‍ എത്തി, അവിടം ആസ്ഥാനമാക്കി രാജ്യഭരണം നടത്തി. തിരുവിതാംകൂര്‍ പ്രദേശം അന്ന് കലഹവും അരാജകത്വവും മൂലം ശിഥിലമായിരുന്നു. മാനവിക്രമന്‍ തെക്കുംകൂര്‍ രാജാവില്‍ നിന്നും പൂഞ്ഞാര്‍ പ്രദേശവും ഹൈറേഞ്ചും സമ്പാദിച്ച് പൂഞ്ഞാര്‍ രാജവംശം സ്ഥാപിച്ചു. 1816 ല്‍ പൂഞ്ഞാര്‍ രാജാവ് മണ്‍ട്രോ സായ്പ്പിന്റെ തീരുമാനപ്രകാരം രാജസ്ഥാനം നഷ്ടപ്പെട്ട് ഇടപ്രഭുവായി തീര്‍ന്നു. ഇടവക പ്രക്ഷോഭണത്തിന് നിദാനമായ ഭൌതിക സാഹചര്യം ഒന്നാം ലോകമഹായുദ്ധത്തിന്റെ ശേഷമുണ്ടായ പൊതു സാമ്പത്തികക്കുഴപ്പമാണ്. ഉല്പന്നങ്ങള്‍ക്ക് വിലയില്ല. ഒരു രൂപ കിട്ടണമെങ്കില്‍ 50 നാളികേരം നല്‍കണം. ഒരു ചക്രത്തിന് 20 പഴം ലഭിക്കും. ഇക്കാലത്ത് തറവിലയായി വലിയ സംഖ്യ അടയ്ക്കാന്‍ കൃഷിക്കാര്‍ നിര്‍ബന്ധിതരായി. ശക്തമായ നികുതി പിരിവിന് വേണ്ടിയാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അന്ന് ഗവ. സെക്രട്ടറിയായിരുന്ന സി.പി.ഗോപാലപ്പണിക്കരെ പൂഞ്ഞാര്‍ കോയിക്കലെ കമ്മീഷണറായും പൂഞ്ഞാറിലെ ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റായും നിയോഗിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സഹോദരിയെ പൂഞ്ഞാര്‍ കോയിക്കലെ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ ഗോദവര്‍മ്മ രാജ (കേണല്‍ ഗോദവര്‍മ്മ)  വിവാഹം ചെയ്തതിന്റെ പിന്നാലെയാണ് ഊര്‍ജ്ജിത കരം പിരിവിനുവേണ്ടി  ഗോപാലപ്പണിക്കര്‍ നിയോഗിക്കപ്പെട്ടത്. കേരളത്തിലെ ദേശീയ നവോത്ഥാനത്തിന് സ്തുത്യര്‍ഹമായ സംഭാവനയാണ് പൂഞ്ഞാര്‍ നല്‍കിയത്.  1947 ആഗസ്റ്റ് 1 ന് എല്ലാ ഭിത്തികളിലും സ്വാതന്ത്ര്യസന്ദേശം എഴുതിച്ചേര്‍ക്കണം എന്ന പട്ടം താണുപിള്ളയുടെ നിര്‍ദ്ദേശത്തെ മാനിച്ച് ആ രാത്രിയില്‍ എല്ലാ ഭിത്തികളിലും എഴുതുകയും നിരോധനം ലംഘിച്ച് ആയിരങ്ങളുടെ ഒരു ഘോഷയാത്ര ഈരാറ്റുപേട്ടയിലേക്ക് നടത്തുകയുമുണ്ടായി. അതുപോലെ തന്നെ ആഗസ്റ്റ് 15 നും വലിയ ഒരു പ്രകടനം ഈരാറ്റുപേട്ടയിലേക്ക് നീങ്ങുകയുണ്ടായി. പൂഞ്ഞാറിലെ ഏറ്റവും പഴക്കം ചെന്ന പള്ളി പൂഞ്ഞാര്‍ ഇടവക പള്ളി തന്നെയാണ്. ഇതിന് 600 ല്‍ കൂടുതല്‍ വര്‍ഷത്തെ പഴക്കമുണ്ട്. മാതാവിന്റെ നാമത്തിലുള്ള പൂഞ്ഞാര്‍ പള്ളിയുടെ സ്ഥാപനകാലം എ. ഡി. 1452 ആണ്. ഓല മേഞ്ഞ ആദ്യത്തെ പള്ളി തെക്കും കൂറും, പൂഞ്ഞാര്‍ സ്വരൂപവുമായുണ്ടായ യുദ്ധത്തിനിടയ്ക്ക് അഗ്നിക്കിരയായതിനെ തുടര്‍ന്ന് നിര്‍മ്മിച്ച ദേവാലയം 1947 ലാണ് പൊളിച്ചുമാറ്റിയത്. ഇന്നുകാണുന്ന മനോഹരമായ ദേവാലയത്തിന്റെ പണി 1929 ല്‍ ആരംഭിക്കുകയും 1937 ല്‍ അവസാനിക്കുകയും ചെയ്തു. 1535 ല്‍ കുറെ ക്രിസ്ത്യാനികള്‍ പോര്‍ട്ടുഗീസുകാരെ പേടിച്ച് കൊച്ചിയില്‍നിന്നും പൂഞ്ഞാറ്റില്‍ കുടിയേറുകയുണ്ടായി. പൂഞ്ഞാര്‍ പഴയപള്ളിയോടനുബന്ധിച്ച് പൂണ്ടിക്കുളത്ത് ഇട്ടിയൈപ്പ് മല്പാന്‍ ഒരു സെമിനാരി നടത്തിയിരുന്നു. 1892 ല്‍ പൂഞ്ഞാര്‍ കോവേന്ത സ്ഥാപിതമായി. ക്ളാര  സഭക്കാരുടെ ആദ്യത്തെ കന്യാമഠം 1902 ല്‍ ഈ ഇടവകയിലാണ് സ്ഥാപിതമായത്. അതിനോടനുബന്ധിച്ച് നിര്‍മ്മിക്കപ്പെട്ട ദേവാലയമാണ് പിന്നീട് മണിയങ്കുന്നു പള്ളിയായത്. കേരളം കണ്ടിട്ടുള്ളതിലേറ്റവും വലിയ അഭിഭാഷകരില്‍ ഒരാളും കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന ഷെവലിയര്‍ ടി.ജെ.മാത്യൂ ഈ ഇടവകയുടെ വീരസന്താനമാണ്. 19ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടംവരെ ഏറ്റവും കിഴക്കുള്ള പള്ളിയായിരുന്നു പൂഞ്ഞാര്‍. ജനസംഖ്യ വര്‍ദ്ധിച്ചതോടുകൂടി അകലെയുള്ള സ്ഥലങ്ങളില്‍ പുതിയ പള്ളികള്‍ ഉണ്ടാകുവാന്‍ തുടങ്ങി.  അങ്ങനെ പൂഞ്ഞാര്‍ ഇടവകയില്‍ നിന്നും രൂപം കൊണ്ടവയാണ് പെരിങ്ങളം, ചോലത്തടം, തകിടി, മണിയന്‍കുന്ന്, മലയിഞ്ചിപ്പാറ, കുട്ടിക്കല്‍, പറത്താനം, കുന്നാന്നി, അടിവാരം, കൈപ്പള്ളി, പയ്യാനിത്തോട്ടം, ചോലത്തടം, തകിടി എന്നീ പള്ളികള്‍.   ശാസ്താക്ഷേത്രം, മധുരമീനാക്ഷിക്ഷേത്രം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം, നടയ്ക്കല്‍കാവ് ഭഗവതിക്ഷേത്രം, മങ്കൊമ്പ് കാവ് ഭഗവതിക്ഷേത്രം, പള്ളിക്കുന്ന് ഭഗവതി ക്ഷേത്രം, മങ്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുന്നാന്നി ധര്‍മ്മശാസ്താ ക്ഷേത്രം, മന്നം കിളികുളം കാവ്  എന്നിവ പൂഞ്ഞാറിലെ ആരാധനാലയങ്ങള്‍ ആണ്. അടിവാരം വരമ്പനാട് ക്ഷേത്രം വളരെ പഴക്കമേറിയതാണ്. മാവടി, അടിവാരം തുടങ്ങിയ സ്ഥലങ്ങളില്‍ വസിച്ചിരുന്ന ഊരാളികള്‍, അരയന്മാര്‍ എന്നിവര്‍ക്ക് സ്വന്തമായ ആരാധനാലയങ്ങളുണ്ടായിരുന്നു.  പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഒലിയാനി ഭാഗത്ത് വടക്കേല്‍ പുരയിടത്തില്‍ മുനിയറകള്‍ കണ്ടെത്തിയിരുന്നു. ചരിത്രഗവേഷകര്‍ ഇതിനെ നവീന ശിലായുഗത്തിന്റെ ഭാഗമായി കാണുന്നു. വിദ്യാലയങ്ങളില്‍ മുത്തശ്ശി എന്നു പറയാവുന്നത് എസ്.എം.വി. ഹൈസ്കൂള്‍ തന്നെയാണ്. 1918 ല്‍ ശ്രീമൂലം തിരുനാളിന്റെ ഷഷ്ടിപൂര്‍ത്തിസ്മാരകമായാണ് എസ്.എം.വി.  സ്കൂള്‍ ആരംഭിച്ചത്. പൂഞ്ഞാറില്‍ ഒരു സര്‍ക്കാര്‍ ഡിസ്പെന്‍സറി തുടങ്ങുന്നത് ശ്രീമൂലം തിരുനാളിന്റെ കാലത്താണ്. പൂഞ്ഞാര്‍ പള്ളിവാതില്‍ ഇവിടുത്തെ വലിയ കച്ചവടകകേന്ദ്രവും  തിരക്കുള്ള സ്ഥലവുമായിരുന്നു. മലഞ്ചരക്കു കച്ചവടവും, ജൌളി, പലചരക്ക് കച്ചവടങ്ങള്‍, ചായക്കടകള്‍ മറ്റും പൂഞ്ഞാര്‍ പള്ളിവാതുക്കല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1112 ല്‍ സി.പി.ഗോപാലപ്പണിക്കരാണ് പൂഞ്ഞാര്‍ ചന്ത ഉത്ഘാടനം ചെയ്തത്. തുടര്‍ന്ന് കച്ചവടം പുത്തന്‍ മാര്‍ക്കറ്റില്‍ കേന്ദ്രീകരിക്കുകയാണുണ്ടായത്. പൂഞ്ഞാര്‍ മാര്‍ക്കറ്റുണ്ടായതിന് ശേഷവും കുറെക്കാലത്തേക്ക് മീനച്ചിലാറ്റില്‍ കൂടി വള്ളങ്ങളിലാണ് സാധനങ്ങള്‍ എത്തിയിരുന്നത്. മലഞ്ചരക്കുകളും, കൊപ്രായും വള്ളങ്ങളിലാണ് ആലപ്പുഴ മുതലായ പ്രദേശങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നത്.

No comments

Powered by Blogger.