പൂഞ്ഞാര്‍ തെക്കേക്കര
പൂഞ്ഞാര്‍ തെക്കേക്കര
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട ബ്ളോക്കില്‍ പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ നടുഭാഗം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത്. 60.86 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തീക്കോയി പഞ്ചായത്ത്, തെക്ക് പാറത്തോട്, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍, കിഴക്ക് കൂട്ടിക്കല്‍ പഞ്ചായത്ത്, പടിഞ്ഞാറ് പൂഞ്ഞാര്‍ പഞ്ചായത്ത് എന്നിവയാണ്. 1953 ല്‍ പൂഞ്ഞാര്‍ പഞ്ചായത്ത് സ്ഥാപിതമായി. 12-6-1969 ല്‍ പൂഞ്ഞാര്‍ തെക്കേക്കര ഭാഗങ്ങള്‍ വേര്‍പെടുത്തി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പുനസംഘടിപ്പിച്ചു. വേര്‍പെട്ടുപോയ ഭാഗങ്ങള്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തായി മാറി. പൂഞ്ഞാറിന്റെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുര്യന്‍ കാട്ടറാത്ത് ആയിരുന്നു. പശ്ചിമഘട്ടത്തിന്റെ മലമടക്കുകള്‍ ഉള്‍പ്പെടെ പീരുമേട്, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളുടെ പടിഞ്ഞാറു ഭാഗത്തായി മീനച്ചില്‍ താലൂക്കില്‍ ഏറ്റവും കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത്. മലകളും നീര്‍ച്ചാലുകളും ചോലകളും കൊണ്ടുനിറഞ്ഞ ഫലഭൂയിഷ്ഠമായ പ്രദേശമാണിവിടം. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് ഈ പ്രദേശത്ത് നെല്‍പ്പാടങ്ങളില്ല. കോട്ടയം ജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത്. മലനാട്, ഇടനാട്, തീരപ്രദേശം എന്നീ വിഭാഗത്തില്‍ മലനാട് പ്രദേശമാണ് ഈ ഗ്രാമം. ചെറുതും വലുതുമായ കുന്നുകളും മലകളും ചെരിവുള്ള പ്രദേശങ്ങളും ആകെ ഭൂവിസ്തൃതിയുടെ 5 ശതമാനം മാത്രം സമതലങ്ങളുള്ള ഒരു ഗ്രാമമാണിത്. റബ്ബറാണ് ഈ പ്രദേശത്ത് ജനങ്ങളുടെ പ്രധാന കൃഷി. ഒമ്പത് മനോഹരങ്ങളായ ഗ്രാമങ്ങളുടെ സമുച്ചയമാണ് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത്. അധ്വാനിക്കുന്ന കര്‍ഷകരും കര്‍ഷകതൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഈ മലമടക്കുകളിലെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്. കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങും നാണ്യവിളകളുടെ കാമധേനുവായ റബ്ബറും മലമടക്കുകളില്‍ പച്ചപ്പു വിരിക്കുന്ന തേയിലയും, കാപ്പിയും കേരളീയരുടെ കറുത്ത മുത്തായ കുരുമുളകും ഈ പ്രദേശത്തെ കര്‍ഷകരുടെ സാധാരണ കൃഷിയാണ്. കൃഷികളില്‍ പ്രധാനം റബ്ബറാണ്. സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ അവകാശിയാണ് ഈ പഞ്ചായത്ത്. രാഷ്ട്രീയവും സാംസ്കാരികവും കലാപരവുമായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തികള്‍ ഈ പഞ്ചായത്തിന്റെ സന്തതികളായുണ്ട്. പൂഞ്ഞാര്‍ എസ്.എം.വി.ഹൈസ്കൂളും, കേംബ്രിഡ്ജ് സ്കൂളും, പെരിങ്ങളം സ്കൂളും സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ പ്രവര്‍ത്തിച്ചിരുന്നവയാണ്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് വായനശാല മാത്രമാണ് തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ വകയായുള്ളത്. പൂഞ്ഞാര്‍ നാടകവേദി, പെരിങ്ങളം ന്യൂ ആര്‍ട്സ് ക്ളബ്ബ്, ശ്രീനാരായണവിലാസം കഥകളിഗ്രൂപ്പ് എന്നിവ ഇവിടുത്തെ പ്രശസ്ത കലാസമിതികളാണ്. അതുപോലെ നാട്യകലാരംഗത്ത് ഏതാണ്ട് കാല്‍ നൂറ്റാണ്ട് കാലത്തോളമായി പ്രവര്‍ത്തിക്കുന്ന “പൂഞ്ഞാര്‍ നൃത്തഭവന്‍” പൂഞ്ഞാറിലെയും അതുപോലെ കലാകേരളത്തിന്റെയും മുതല്‍ക്കൂട്ടാണ്.
Leave a Comment